Popular Posts

ട്രംപ് മോദിയെ ഭീഷണിപ്പെടുത്തുന്നു, ഇന്ത്യൻ കർഷകരെ അമേരിക്കൻ കമ്പനികൾക്ക് ബലിയാടാക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കണ്ണൂർ: (KasargodVartha) ഇന്ത്യ–അമേരിക്ക വ്യാപാര കരാർ വഴി ഇന്ത്യൻ കർഷകരെ അമേരിക്കൻ കമ്പനികൾക്ക് ബലിയാടാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. കണ്ണൂർ പേരാവൂർ മലയോര പഞ്ചായത്തായ തൊണ്ടിയിൽ സംഘടിപ്പിച്ച ‘കർഷകരുമായി മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം രക്ഷപ്പെടാനും ഗൗതം അദാനിയെ സംരക്ഷിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ അടിത്തറ ബുൾഡോസർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ കൃഷി മേഖലയിലേക്ക് അമേരിക്കൻ കമ്പനികളെയും മറ്റും കടന്നുവരാൻ അനുവദിക്കുന്നത് ക്രിമിനൽ നടപടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘സോയാബീൻ, മക്കച്ചോളം, പഴവർഗങ്ങൾ എന്നിവ അമേരിക്കൻ കർഷകർ ഇന്ത്യയിൽ വിൽക്കാൻ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അനുവദിക്കില്ല. അത് നമ്മൾ അതീവ ശ്രദ്ധയോടെ പണിത രാജ്യത്തിന്റെ അടിത്തറ തകർക്കും. കർഷകരും കൃഷിയും തന്നെയാണ് ഇന്ത്യയുടെ അടിസ്ഥാനം’, അദ്ദേഹം വ്യക്തമാക്കി. ഹരിതവിപ്ലവവും ധവളവിപ്ലവവും ഇന്ത്യയ്ക്ക് സാധ്യമായത് കൃഷിയെ ശക്തമായ അടിത്തറയായി കണ്ടതിനാലാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകൾ നാല് മാസം നിലച്ചത് കൃഷി മേഖല തുറക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാതിരുന്നതിനാലാണെന്നും, എന്നാൽ പിന്നീട് ഇന്ത്യ വഴങ്ങിയതായും അദ്ദേഹം ആരോപിച്ചു. എപ്‌സ്റ്റീൻ ഫയലുകളും അദാനിക്കെതിരായ അമേരിക്കൻ കേസും ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തുന്നുവെന്നും, അതിന്റെ സമ്മർദ്ദത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ വിഷയങ്ങളിലൊന്നും ആരും പ്രതികരിക്കുന്നില്ലെന്നും മാധ്യമങ്ങൾ മൗനത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *